2012, ഡിസംബർ 18, ചൊവ്വാഴ്ച

ഹാർഡ് ഡിസ്ക്



ചലിക്കുന്ന കൊട്ടാരം പോലെ കെ.എസ്.ആർ.ടീ.സി വോൾവോ ബസ്   ഒഴുകിയെത്തി ,ആടി ഉലഞ്ഞ് എന്റെ മുന്നിൽ വന്ന് നിന്നു.ഡ്രൈവറെ നോക്കി സലാം പറഞ്ഞ് അകത്തേക്ക് കയറി സ്ഥിരമായി ഇരിക്കാറുള്ള സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ച്.

‘ദയവ് ചെയ്ത് പ്രേമിച്ച് ഉപദ്രവിക്കരുത് ’ എന്നെഴുതിയ ടീ-ഷർട്ടിലേക്ക് നോക്കിയ ,എതിർവശത്തിരുന്ന ബിഎഡ്‌കാരി സുന്ദരിക്കുട്ടിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷത്തിൽ എന്റെയുള്ളിലെ പൂവാലൻ ചിറകടിച്ച് കൂവാൻ തയ്യാറായി വാ തുറക്കലും പണ്ടാരം മൊബൈൽ “ഡെയിഞ്ചറസ് ” എന്നും പറഞ്ഞ് മൈക്കിൾ ജാക്സന്റെ  ശബ്ദത്തിൽ അലറിയത്. 

ഇൻഫോപാർക്കിലെ കുടി കിടപ്പുകാരൻ  അനസാണ് അങ്ങേത്തലക്കൽ..ഡാ നീ എവിടാ..ഞാൻ കുറേ നേരമായി നിന്നെ വിളിക്കുന്നു ..നീയെന്താ ഫോൺ എടുക്കാഞ്ഞത്.. ലാന്റ് ഫോണിൽ വിളിച്ചപ്പോ നിന്റച്ചൻ പറഞ്ഞത് നീ പണിയിലാ കുറച്ച് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു.

ഡാ ഞാൻ വർക്കിലായിരുന്നു   അതാ ഫോൺ എടുക്കാഞ്ഞത് .

വർക്കോ അതും രാവിലേ തന്നെ . വെറുതേ ശീലമില്ലാത്ത കാര്യമൊന്നും ചെയ്യണ്ട
അതിരിക്കട്ടേ എന്തൂട്ട് വർക്കാ രാവിലെ തന്നെ..??

അതേ മച്ചൂ രാവിലെ തന്നെ ഒരു 200 ഹാർഡ് ഡിസ്ക്  എക്സ്‌ട്രാക്റ്റ് ചെയ്ത്  കണ്ടന്റ് എടുത്ത്  ക്ളയന്റിന്  അപ്ലോഡ് ചെയ്യാനുണ്ടായിരുന്നു..അതിന്റെ തിരക്കിലാർന്നു നീ വിളിക്കുമ്പോ..

ഇതൊക്കെ പറയുമ്പോ മുന്നിലെ ടീച്ചറുകുട്ടി ഇയാള് ഐടി ഫീൽഡിലെ  പുലി ആണല്ലേ എന്ന ചോദ്യം മുഖത്ത് വരുത്തി എന്നെ പാളി നോക്കുന്നുണ്ടായിരുന്നു.

എന്ത് ??ഹാർഡ് ഡിസ്കാ .??  എന്തൂട്ട്  ഹാർഡ് ഡിസ്ക് ..?? എന്തൂട്ട്  എക്സ്ട്രാക്റ്റിംഗ്. ??


നിന്റച്ഛൻ പറഞ്ഞത് നീ തേങ്ങ പൊതിക്കുവാണെന്ന്!!!!

പ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്..
കാറ്റ് പോയ ബലൂൺ പോലെയായി എന്റെ ഭാവം ..
ഞാൻ ടീച്ചറ് കുട്ടിയെ അറിയാതെയൊന്നു പാളിനോക്കി ..
ഇല്ല ലോ ലവൻ ..ലാ തെണ്ടി പറഞ്ഞതൊന്നും കുട്ടി കേട്ടിട്ടില്ല.

ഞാൻ ഫോൺ കട്ട് ചെയ്ത് അവന് തിരിച്ച് മെസേജയച്ചു.

വോ തന്നഡേ..അത് തന്നെ   
ഈ തേങ്ങ പൊതിക്കുന്നതും  ഒരു തരം എക്സ്ട്രാക്റ്റിംഗ് തന്നെ അണ്ണാ

അകത്തുള്ള ആ ഹാർഡ് ആയിട്ടുള്ള ആ കണ്ടന്റ്  എടുക്കാൻ വേണ്ടി തന്നെ

എന്നിട്ടത് ഓട്ടൊയില് കേറ്റി വിട്ട് .ക്‌ളയന്റിന്..മരട്മാർക്കറ്റിലെ ..തേങ്ങാ സോമന്റെ കടേലേക്ക്.

അച്ഛൻ മലയാളത്തിൽ പറഞ്ഞത് ഞാൻ ഇംഗ്ളീഷിൽ പറഞ്ഞ്..അത്രേള്ള്..!!

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

നീന്തലറിയില്ലാരുന്നേല്‍....!!!!

മാധവേട്ടന്‍ വീട്ടിലേക്ക് കയറിയ പാടെ മടിക്കുത്തില്‍ നിന്ന് പൈന്റ് കുപ്പി എടുത്ത് കുപ്പിയുടെ കഴുത്തേല്‍ പിടിച്ചു പിരിച്ച് മദ്യം ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു ,എന്നിട്ട് മേശമേല്‍ ഇരുന്നിരുന്ന ഗ്ലാസ് ജഗ്ഗില്‍ നിന്നും വെള്ളം എടുത്തൊഴിച്ചു ..പക്ഷെ അത് കാലിയായിരുന്നു .അതോടെ മാധവേട്ടന്‍ കലി കയറി ജഗ്ഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു .ചില്ല് പൊട്ടുന്ന ഒച്ച കേട്ട് ഓടിയെത്തിയ ഭാര്യയെ തെറി കൊണ്ടാഭിഷേകവും നടത്തി .ചെവിക്കല്ല് പൊട്ടണ തെറി കേട്ട് കലി കയറിയ മാധവ പത്നി ,മാധവേട്ടന്റെ കയ്യിലിരുന്ന പൈന്റ് കുപ്പി തട്ടിപ്പറിച്ച് മേടിച്ച് നടക്കല്ലില്‍ അടിചു പൊട്ടിച്ചു പകരം വീട്ടി ...അതോടെ അരമണിക്കൂര്‍ ക്യൂ നിന്ന് കഷ്ടപ്പെട്ട് വാങ്ങിയ മദ്യം നഷ്ടപ്പെട്ടത്തില്‍ രോക്ഷാകുലനായ മാധവേട്ടന്‍ മദ്യം വാങ്ങാനുള്ള പണത്തിനായി ഭാര്യയോടു നടത്തിയ വാഗ്വാദത്തില്‍ പരാജയപ്പെട്ടു കൂടുതല്‍ അക്രമാസക്തനായി ഭാര്യയെ മര്‍ദ്ദിക്കാന്‍ നടത്തിയ ശ്രമം ഭാര്യയുടെ കായികശേഷിക്ക് മുന്നില്‍ വിലപ്പോയില്ല ...അതോടെ ഭാര്യയുടെയും അയല്പക്കക്കാരുടെയും മുന്നില്‍ അപമാനിതനായ മാധ വേട്ടന്‍ ഇനിയൊരു നിമിഷം ഞാന്‍ ജീവിച്ചിരിക്കില്ല .എന്റെ മരണത്തിനു കാരണക്കാരി എന്റെ ഭാര്യയാണ് എന്നെഴുതി വച്ചിട്ട് ,ഒരു സാരിയും കൊണ്ട് മുറ്റത്തേക്കിറങ്ങി...നേരെ നടന്നു ചെന്ന് ആറ്റിറമ്പില്‍ നിന്നിരുന്ന പഞ്ഞി മരത്തില്‍ വലിഞ്ഞു കയറി ...താഴെ നിന്ന് ഭാര്യ നിലവിളിയും തുടങ്ങി .താഴെ ഇറങ്ങി വാ മനുഷ്യാ എന്നും പറഞ്ഞു ഭാര്യ നിലവിളിക്കുമ്പോള്‍ ..നീ പോടീ പു ..മോളെ നിന്നെ കൊണ്ട് ഞാനെന്റെ ശവം തീറ്റിക്കുമെടീ പിശാചേ എന്നും പറഞ്ഞു ആറ്റിലേക്ക് നീണ്ടു നിന്നിരുന്ന കൊമ്പില്‍ സാരി കെട്ടി കഴുത്തില്‍ കുരുക്കിട്ട് ഒറ്റച്ചാട്ടം ...പഞ്ഞിമരത്തിന്റെ കൊമ്പൊടിഞ്ഞു ഡാ കെടക്കുന്നു മാധവേട്ടന്‍ വെള്ളത്തില്‍ ...അയ്യോ എന്നെ രക്ഷിക്കണേ എന്ന്‍ നിലവിളിച്ച് ഒച്ചവെച്ച് മാധവേട്ടന്‍ വെള്ളത്തില്‍ കിടന്നു കയ്യും കാലുമിട്ടടിക്കാന്‍ തുടങ്ങി ...ഒരു കണക്കില്‍ നീന്തി കര പറ്റിയ മാധവേട്ടന്‍ മണ്ണിലേക്ക് മലര്‍ന്നടിച്ച് കിടന്നോണ്ടു ഓടിക്കൂടിയവരെ നോക്കി പറഞ്ഞു

കണ്ടാ കണ്ടാ ...പണ്ട് നീന്തല്‍ പഠിച്ചതിന്റെ ഒരു ഗുണം

.....നീന്തലറിയില്ലാരുന്നേല്‍ ഞാനിപ്പോ മുങ്ങിച്ചത്തേനെ എന്ന് . .

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പെണ്ണ് കാണൽ

പെണ്ണ്കാണാൻ പോവുക വലിയൊരു ചമ്മൽ ഏർപ്പാടായി കണ്ടിരുന്ന എനിക്ക് നല്ലൊന്നാന്തരം പണിയാണ് എനിക്ക് എന്റെ കൂട്ടുകാരൻ മുഖേന  കിട്ടിയത് ...
എന്റെ കൂട്ടുകാരൻ ബംഗളുരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ..കെട്ടിലും മട്ടിൽ *മുട്ടൻ* *യോയോ* *ഗയ്* (അതിലും കൂടിയ ഇനമാണ് അതോണ്ട് ഞാൻ  വിളിക്കണത് *യ്യൊയ്യോ*..എന്നോ *അയ്യയ്യോ*  എന്നൊക്കെയാണ്  ഞാൻ വിളിക്കാറ് )
രാവിലെ വിളിച്ചിട്ട് ചോദിച്ച് ...ഡോ തനിക്ക് ഉച്ച കഴിഞ്ഞ് എന്തേലും പരിപാടി ഉണ്ടോ ..ഇല്ലേൽ നമുക്കൊന്ന് ഒബ്രോൺ മാൾ വരെ പോയിട്ട് വരാം തന്റെ ഒരു ഹെല്പ് വേണം ...ഒരു സംഭവം സെലക്റ്റ് ചെയ്യാനാ എന്ന് ...
ഞാൻ ശരി എന്നും പറഞ്ഞ് രണ്ട് മണിക്ക് കൃത്യ സമയത്ത് തന്നെ കുളിച്ച് റെഡിയായി അത്തറൊക്കെ പൂശി റെഡിയായി വഴിയിൽ കാത്ത് നിൽപ്പായി .ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോ ആള് കാറുമായി എത്തി
മുൻവാതിൽ തുറന്ന് അകത്ത് കയറാൻ നോക്കിയപ്പോ മുൻസീറ്റിൽ കൂട്ടുകാരന്റെ അമ്മാവൻ ,പിന്നെ ഡ്രൈവിംഗ് സീറ്റിൽ അവന്റെ അമ്മാവന്റെ സുഹൃത്ത്..ലവൻ പിൻസീറ്റിൽ..
ഞാൻ പുറകിൽ കയറിയിട്ട്  ഇവരേം കൊണ്ട് നീ ഇതെങ്ങോട്ടാ എന്ന ഭാവത്തിൽ നോക്കി ..ഓ അവര് പാലാരിവട്ടം വരെ വരുന്നുണ്ട് എന്ന് പറഞ്ഞു..അവരെ പാലാരിവട്ടത്ത് ഇറക്കിയിട്ട് നമുക്ക് പോകാം.
അങ്ങനെ വണ്ടി പാലാരിവട്ടം ആകാറായപ്പോ ആ തെണ്ടി പറയുകാ ..ഒരു പണി ചെയ്യാം ഇവർക്ക് പറവൂർ വരെ പോകേണ്ടുന്ന ഒരാവശ്യം ഉണ്ട് ,നമുക്ക് ഇവരെ അവിടെ ആക്കിയിട്ട് വന്നാലോ എന്നൊരു ചോദ്യം..
എന്നാ ശരി എന്ത് പണ്ടാരമെങ്കിലും ആക്ക് എന്ന് ഞാനും മൊഴിഞ്ഞ് .
വണ്ടി പറവൂരും കഴിഞ്ഞ് പിന്നേം മുന്നോട്ട് പോയി കെടാമംഗലം എന്നോ മറ്റോ ഉള്ള ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒരു പ്രായമുള്ള സ്ത്രീ കൂടി വണ്ടിയിൽ കയറി...കയറിയ പാടേ അവർ ചോദിച്ചു...ഇതിലേതാ ചെക്കൻ എന്ന്..???!!!
അപ്പോഴാണ് ഞാൻ തല വച്ചിരിക്കുന്നത് തീവണ്ടിക്കാണ് എന്ന് എനിക്ക് മനസ്സിലായത്...തെണ്ടീ ..പരമ ചെറ്റേ ...തിരിച്ച് വീട്ടിലേക്ക് എത്തട്ട് കേട്ടാ  നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്ന ഭാവത്തോടെ ഞാൻ അവനെ നോക്കി ...
അളിയാ സോറി വിളിച്ചിട്ട് ഒരൊറ്റ തെണ്ടി പോലും  കൂടെ വരുന്നില്ല അതോണ്ടാ ഇങ്ങനെ ഒരു ഉഡായിപ്പ് കാട്ടി തന്നെ കൂടെ കൂട്ടിയത് ..താൻ ഒന്ന് സഹകരിച്ച് സഹായിക്കടോ ...
ഒന്നുല്ല്ലേലും തന്റെ ബാല്യകാല സുഹൃത്തല്ലേ ഞാൻ എന്ന് അവൻ വക ഒരു മാതിരി സെന്റി ഡയലോഗ്.എന്ത് പണ്ടാരമെങ്കിലും ആവട്ട് ..പെട്ട് പോയില്ലേ ശരി എന്ന് ഞാൻ സമ്മതിച്ച്.
അങ്ങനെ വണ്ടി പെങ്കൊച്ചിന്റെ വീടിന് മുന്നിലെത്തി .എല്ലരും ഇറങ്ങി ..വീട്ടുകാർ വന്ന് സ്വീകരിച്ച് ഞങ്ങളെ അകത്തേക്കിരുത്തി ചായയും പലഹാരങ്ങളൊക്കെ മുന്നിൽ കൊണ്ട് വന്ന് നിരത്തി ...
ഇതിനിടയിൽ ലവന്റെ അമ്മാവനും ,സുഹൃത്തും ,കല്ല്യാണ ബ്രോക്കറും കൂടി പതുക്കെ പുറത്തേക്കിറങ്ങി...ഞങ്ങൾ രണ്ടാളും അകത്ത് പെട്ട്..ഇതിനിടയി പെങ്കുട്ടിയുടെ ഇളയച്ഛനും ആങ്ങളയും കൂടി ഞങ്ങളെ ചോദ്യം ചെയ്യൽ തുടങ്ങി .. 
ആദ്യാനുഭവം ആയതിനാൽ രണ്ട് പേരും നെർവ്വസ് ആയി വിഷമിക്കാൻ തുടങ്ങി ..ഇതിനിടയി അമ്മാവൻ കേറി വന്നിട്ട് എന്നാ കുട്ടിയെ വിളി ..കാണട്ട് എന്നായി
കുട്ടി വന്ന്...നല്ല മുഖശ്രീയുള്ള ഒരു മിടുക്കി കുട്ടി ,ലേറ്റസ്റ്റ് ഡിസൈനിലുള്ള ചുരിദാർ ഒക്കെ ഇട്ട് ...അത്യാവശ്യം മോഡേൺ ലുക്കുള്ള ഒരു കുട്ടി ..
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് റിസൽട്ടിനായി  കാത്തിരിക്കുന്നു എന്നും പറഞ്ഞു പെണ്ണിന്റെ ഇളയച്ഛൻ.
കുട്ടി കൊള്ളാല്ലോ എന്ന് എന്റെ മനസ്സിൽ കരുതി ..ഞാൻ പതിയെ കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ..അവനാകെ ടെൻഷനടിച്ച് അന്തം വിട്ടിരിപ്പാണ് ...
പയ്യന് കുട്ടിയോട് എന്തേലും ചോദിക്കാനുണ്ടോ എന്ന് ഇളയച്ഛൻ വക ചോദ്യവും പിന്നാലെ അതിനുള്ള പരിഹാരവും...നിങ്ങള് രണ്ടാൽക്കും കൂടി ആ മുറീലിരുന്ന് സംസാരിക്കാം എന്ന്.
ലവനെ കണ്ണ് മിഴിച്ച് കാട്ടി ചെല്ലഡാ ചെന്ന് ചോദിക്കാനുള്ളതൊക്കെ ചോദിക്ക് എന്ന് ആംഗ്യം കാട്ടി അങ്ങോട്ട് പറഞ്ഞ് വിട്ട്
ഒരു പത്ത് മിനിറ്റ് കൊണ്ട് ഓൻ പണീം തീർത്ത് തിരികെയെത്തി.
യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി പാതി വഴിയെത്തിയപ്പോ അവന്റെ ഫോണിൽ അമ്മയുടെ വിളിയെത്തി ...പെണ്ണ് കണ്ടിട്ട് എന്തായീന്നോ മറ്റോ ആയിരിക്കണം അവന്റമ്മ ചോദിച്ചത് ....
ദേ പെണ്ണിനെ പറ്റി ഇങ്ങേര് പറയും എന്നും പറഞ്ഞ് ഫോൺ എന്റെ കയ്യിലേക്ക് തന്നു ആ ശ്ശവി... എങ്ങനുണ്ട് മോനെ കുട്ടി എന്ന് അപ്പുറത്ത് നിന്നും ചോദ്യം ....
ആന്റീ ഞാനിപ്പോ തിരിച്ച് വിളിക്കാം  എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തിട്ട്  അവനോട് ചോദിച്ച് ...ദേ നിന്റെ അമ്മ റിസൽറ്റ് ചോദിക്കുന്നു...എന്താ നിന്റെ അഭിപ്രായം .
അല്ലടോ അത് കുട്ടി നല്ല മിടുക്കി കുട്ടിയാ ,വിദ്യഭാസം ,ഫാമിലി ഒക്കെ കൊള്ളാം ...പക്ഷേ....
ഞാൻ:  എന്തൂട്ട് പക്ഷേ... നീ കാര്യം പറ ദാസാ...
എന്റെ സങ്കൽപ്പതിന് മാച്ച് ചെയ്യുന്ന കുട്ടിയല്ല ഇത്
ഞാൻ : ഓഹോ ..ശരി  ...സമ്മതിച്ചു തന്റെ അമ്മയോട് ഞാൻ പറഞ്ഞോളാം ..ഇതാണ് തന്റെ അഭിപ്രായം എന്ന്.
അല്ല ഇനിയിപ്പോ തന്റെ അമ്മ ചോദിക്കുവാ.. ഈ സങ്കൽപ്പത്തിലുള്ള കുട്ടി എന്നൊക്കെ പറയുമ്പോ ...എന്താ തന്റെ സങ്കല്പം എന്നൊക്കെ ചോദിച്ചാൽ എങ്ങനെയാ പറയേണ്ടത് അല്ലെങ്കിൽ എന്താ തന്റെ സങ്കല്പം എന്ന്
കൂട്ട്കാരൻ : അതേ ഈ കുട്ടി ഇത്തിരി മോഡേൺ ഒക്കെ അല്ലേ...അത്രേം ഒന്നും വേണ്ട ..ഒരു സാധാരണ കുട്ടി മതി...നീണ്ട മുടിയൊക്കെ ഉള്ള കുട്ടി
ഞാൻ: എന്ന് വച്ചാ നീണ്ട മുടിയൊക്കെ ഉള്ള ,രാവിലെ കുളിച്ച് മുടി ഈറനായി ,തുളസ്സിക്കതിരൊക്കെ ചൂടി ,ദാവണി ഉടുത്ത് അമ്പലത്തിലൊക്കെ പോയി ചന്ദനകുറിയൊക്കെ തൊട്ട് ...ആ ഒരു സെറ്റപ്പ് അല്ലേ നീ ഉദ്ദേശിച്ചത്..???
കൂട്ട്കാരൻ: അതന്നേ അളിയാ...തന്നെ ഞാൻ സമ്മതിച്ച് ഹോ എത്ര കൃത്യമായിട്ടാ താൻ എന്റെ സങ്കൽപ്പത്തിലെ കുട്ടിയെ പറ്റി വിവരിച്ചത്...ഇതാണളിയാ സൗഹൃദം എന്നൊക്കെ പറയുന്നത്.....
ഞാൻ : ശരി നിന്റെ സങ്കൽപ്പം ഒക്കെ ഞാൻ സമ്മതിച്ച് അതൊക്കെ നിന്റെ സ്വന്തം കാര്യങ്ങൾ.... പക്ഷേ ഈ സങ്കൽപ്പമൊക്കെ കൊള്ളാം ..
പക്ഷേ  ഈ വക സങ്കൽപ്പമൊക്കെ മനസ്സിൽ വച്ച് പെണ്ണ് കാണാൻ ഇറങ്ങണേന് മുന്നേ നീയാ കണ്ണാടിക്ക് മുന്നിൽ നിന്ന് നിന്ന് രൂപത്തെ പറ്റി ഒരു സ്വയം വിലയിരുത്തൽ നടത്തണത് നല്ലതായിരിക്കും .
കൂട്ട്കാരൻ: അതെന്തിനാടോ.??
ഞാൻ :എഡാ തെണ്ടീ... യോയോയും, യ്യൊയ്യോയും പിന്നെ ആയ്യയ്യോയും കളിച്ച് കണ്ണീക്കണ്ടെടത്തൊക്കെ തുളച്ച് കമ്മലും ഇട്ട് ,മുടിയേല് പത്ത് പതിനാറ് കളറും പുരട്ടി ,
ഏത് നിമിഷവും ഊരിപ്പോയേക്കും എന്ന് കാണുന്നവനേ ടെൻഷനടിപ്പിക്കണ മാതിരി ജീൻസും ടീഷർട്ടുമൊക്കെ ഇട്ട്  നടക്കണ നിനക്ക് നിന്റെ സങ്കൽപ്പത്തിലുള്ളത് ദാവണി ,
ഈറൻ മുടി ,ചന്ദനക്കുറി ,തുളസ്സിക്കതിർ തുടങ്ങിയവയൊക്കെ ആണ് ..നിന്നെയൊക്കെ സമ്മതിക്കണം ....ഇതേ സെറ്റപ്പ് ഉള്ള കുട്ട്യോൾക്ക് ഈ കോലത്തിൽ നടക്കണ നിന്നെ ഇഷ്ടപ്പെടുകേം കൂടി ചെയ്യണ്ടേ...???
ലവൻ ക്ലിപ്പിട്ട്....കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയതല്യില്ല ....വേറേ ഏതോ ഒരു ആലോചനയിലാണ് കക്ഷി.
(ഓഫ് ടോപ്പിക്ക്: കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ബ്രോക്കർ വന്നിട്ട് പറഞ്ഞു..പെണ്ണിന്റെ വീട്ടുകാർക്ക് വല്യ താല്പര്യം ഇല്ല കാരണം പയ്യൻ ഭയങ്കര ഫാഷണബിൾ ആണ് ...
ഞങ്ങളുടെ കുട്ടിക്ക് അത്രേം മോഡേൺ ആയ ഒരു പയ്യനെ വേണ്ടാ എന്ന് .