2012, ഡിസംബർ 18, ചൊവ്വാഴ്ച

ഹാർഡ് ഡിസ്ക്



ചലിക്കുന്ന കൊട്ടാരം പോലെ കെ.എസ്.ആർ.ടീ.സി വോൾവോ ബസ്   ഒഴുകിയെത്തി ,ആടി ഉലഞ്ഞ് എന്റെ മുന്നിൽ വന്ന് നിന്നു.ഡ്രൈവറെ നോക്കി സലാം പറഞ്ഞ് അകത്തേക്ക് കയറി സ്ഥിരമായി ഇരിക്കാറുള്ള സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ച്.

‘ദയവ് ചെയ്ത് പ്രേമിച്ച് ഉപദ്രവിക്കരുത് ’ എന്നെഴുതിയ ടീ-ഷർട്ടിലേക്ക് നോക്കിയ ,എതിർവശത്തിരുന്ന ബിഎഡ്‌കാരി സുന്ദരിക്കുട്ടിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷത്തിൽ എന്റെയുള്ളിലെ പൂവാലൻ ചിറകടിച്ച് കൂവാൻ തയ്യാറായി വാ തുറക്കലും പണ്ടാരം മൊബൈൽ “ഡെയിഞ്ചറസ് ” എന്നും പറഞ്ഞ് മൈക്കിൾ ജാക്സന്റെ  ശബ്ദത്തിൽ അലറിയത്. 

ഇൻഫോപാർക്കിലെ കുടി കിടപ്പുകാരൻ  അനസാണ് അങ്ങേത്തലക്കൽ..ഡാ നീ എവിടാ..ഞാൻ കുറേ നേരമായി നിന്നെ വിളിക്കുന്നു ..നീയെന്താ ഫോൺ എടുക്കാഞ്ഞത്.. ലാന്റ് ഫോണിൽ വിളിച്ചപ്പോ നിന്റച്ചൻ പറഞ്ഞത് നീ പണിയിലാ കുറച്ച് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു.

ഡാ ഞാൻ വർക്കിലായിരുന്നു   അതാ ഫോൺ എടുക്കാഞ്ഞത് .

വർക്കോ അതും രാവിലേ തന്നെ . വെറുതേ ശീലമില്ലാത്ത കാര്യമൊന്നും ചെയ്യണ്ട
അതിരിക്കട്ടേ എന്തൂട്ട് വർക്കാ രാവിലെ തന്നെ..??

അതേ മച്ചൂ രാവിലെ തന്നെ ഒരു 200 ഹാർഡ് ഡിസ്ക്  എക്സ്‌ട്രാക്റ്റ് ചെയ്ത്  കണ്ടന്റ് എടുത്ത്  ക്ളയന്റിന്  അപ്ലോഡ് ചെയ്യാനുണ്ടായിരുന്നു..അതിന്റെ തിരക്കിലാർന്നു നീ വിളിക്കുമ്പോ..

ഇതൊക്കെ പറയുമ്പോ മുന്നിലെ ടീച്ചറുകുട്ടി ഇയാള് ഐടി ഫീൽഡിലെ  പുലി ആണല്ലേ എന്ന ചോദ്യം മുഖത്ത് വരുത്തി എന്നെ പാളി നോക്കുന്നുണ്ടായിരുന്നു.

എന്ത് ??ഹാർഡ് ഡിസ്കാ .??  എന്തൂട്ട്  ഹാർഡ് ഡിസ്ക് ..?? എന്തൂട്ട്  എക്സ്ട്രാക്റ്റിംഗ്. ??


നിന്റച്ഛൻ പറഞ്ഞത് നീ തേങ്ങ പൊതിക്കുവാണെന്ന്!!!!

പ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്..
കാറ്റ് പോയ ബലൂൺ പോലെയായി എന്റെ ഭാവം ..
ഞാൻ ടീച്ചറ് കുട്ടിയെ അറിയാതെയൊന്നു പാളിനോക്കി ..
ഇല്ല ലോ ലവൻ ..ലാ തെണ്ടി പറഞ്ഞതൊന്നും കുട്ടി കേട്ടിട്ടില്ല.

ഞാൻ ഫോൺ കട്ട് ചെയ്ത് അവന് തിരിച്ച് മെസേജയച്ചു.

വോ തന്നഡേ..അത് തന്നെ   
ഈ തേങ്ങ പൊതിക്കുന്നതും  ഒരു തരം എക്സ്ട്രാക്റ്റിംഗ് തന്നെ അണ്ണാ

അകത്തുള്ള ആ ഹാർഡ് ആയിട്ടുള്ള ആ കണ്ടന്റ്  എടുക്കാൻ വേണ്ടി തന്നെ

എന്നിട്ടത് ഓട്ടൊയില് കേറ്റി വിട്ട് .ക്‌ളയന്റിന്..മരട്മാർക്കറ്റിലെ ..തേങ്ങാ സോമന്റെ കടേലേക്ക്.

അച്ഛൻ മലയാളത്തിൽ പറഞ്ഞത് ഞാൻ ഇംഗ്ളീഷിൽ പറഞ്ഞ്..അത്രേള്ള്..!!